മോഹൻലാൽ ആയുർവേദത്തെക്കുറിച്ച് പറയുന്നത്

മോഹൻലാൽ ആയുർവേദത്തെക്കുറിച്ച് പറയുന്നത്

ആയുർവേദ കോളേജിൽ പഠിക്കുന്ന കാലം മുതലേ മോഹൻലാൽ ആയുർവേദത്തെക്കുറിച്ച്  പറയുന്നതൊക്കെയും ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ.

അക്കാലത്ത് കൈരളി ടിവിയിൽ ആയുർവേദത്തിന്റെ ദാർശനികവും ചികിത്സാപരവുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന മോഹൻലാലിനെ ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നുണ്ട്.
പക്ഷേ മോഹൻലാലും ആയുർവേദവും തമ്മിൽ ഇവ്വിധമായൊരു ബാന്ധവത്തിന്റെകാരണം അന്ന് അജ്ഞാതമായിരുന്നു.

ഇന്നലെ, മാതൃഭൂമി പത്രത്തിലെ  വാരാന്ത്യപതിപ്പിൽ മോഹൻലാലിന്റെ മനോഹരമായ ഒരു കുറിപ്പ് വായിച്ചപ്പോഴാണ് അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടി അറിഞ്ഞത്..

90 കളിൽ തിരക്കേറിയ സിനിമാ ഷെഡ്യൂളുകളുടെ അമിത സമ്മർദ്ദം വരുത്തിവെച്ച നടുവേദന കരിയറിനെ തന്നെ വിഴുങ്ങാൻ തുടങ്ങിയ കാലം മോഹൻലാൽ ഓർത്തെടുക്കുന്നുണ്ട്. മദ്രാസിലെ വിദഗ്ധനായ ഒരു ഓർത്തോ ഡോക്ടറെ കണ്ടപ്പോൾ, നട്ടെല്ലിലെ ഡിസ്ക് പ്രശ്നത്തിന് അദ്ദേഹം നിർദ്ദേശിച്ചത് സർജറിയാണ്.

മോഹൻലാൽ ആദ്യം സർജറിക്ക് വിസമ്മതിച്ചപ്പോൾ ഡോക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു. "ലാൽ ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ ആറുമാസം കഴിയുമ്പോഴേക്കും ഇതിലും മോശമായ അവസ്ഥയിൽ ഇവിടെ തന്നെ വരേണ്ടിവരും.. "

പക്ഷേ എന്തുകൊണ്ടോ മോഹൻലാൽ സർജറിക്ക് സമ്മതിച്ചില്ല. അതിനുപകരം യേശുദാസ് പറഞ്ഞത് പ്രകാരം ആയുർവേദ ചികിത്സയ്ക്കായി കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ എത്തി. അവിടെ പ്രശസ്തനായ ഡോക്ടർ കെ.എസ് വാരിയരും അവിടത്തെ എല്ലാമെല്ലാമായ ഡോക്ടർ കൃഷ്ണകുമാറും ഉണ്ടായിരുന്നു.
കൃത്യമായ പഥ്യത്തോടെ അങ്ങനെ 40 ദിവസം ചികിത്സയ്ക്ക് വിധേയനായി. അങ്ങനെ പൂർണമായും അസുഖവും മാറി.

ചികിത്സയുടെ ഇടവേളകളിൽ ഡോക്ടർ കൃഷ്ണകുമാർ നൽകിയ ഓഷോയുടെ വീഡിയോ സംഭാഷണങ്ങൾ കണ്ട്, ആത്മാവിൽ ഉണ്ടായ പരിണാമത്തെക്കുറിച്ചും മോഹൻലാൽ അനുസ്മരിക്കുന്നുണ്ട്.

സൗഖ്യമെന്നത് ശാരീരികവും ആത്മീയവും കൂടിയാണല്ലോ... ആയുർവേദത്തെ ഇഷ്ടപ്പെടുന്നവർ രണ്ടു തരക്കാരുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്..

ആയുർവേദത്തിന്റെ ദാർശനികവും പാരമ്പര്യവുമായ പശ്ചാത്തലവും  സമഗ്രതയും ഇഷ്ടപ്പെട്ടു വരുന്നവരാണ് ആദ്യത്തെ വിഭാഗം.. ആയുർവേദ ചികിത്സയ്ക്ക് വിധേയമായി ദീർഘകാലമായി വിഷമിപ്പിച്ചിരുന്ന അസുഖങ്ങളെല്ലാം സർപ്പം പടം പൊഴിക്കുന്നതുപോലെ ഒഴിഞ്ഞുപോയി സൗഖ്യത്തിലെത്തി, അതിന്റെ കൃതാർത്ഥതയിൽ ആയുർവേദത്തെ സ്നേഹിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം..

ഇതിൽ രണ്ടാമത്തെ വിഭാഗക്കാരാണ് ശരിക്കും ആയുർവേദം അനുഭവിച്ചവരെന്ന് ഉറപ്പിച്ച് പറയാനാകും.. സത്യത്തിൽ മോഹൻലാലും ഇക്കൂട്ടത്തിൽ തന്നെയാണ് പെടുന്നത്.

എന്തുകൊണ്ടാണ് മോഹൻലാലും ആയുർവേദവും തമ്മിലുള്ള ബന്ധം ഇപ്പോഴും അനിഷേധ്യമായി തുടരുന്നതെന്നും, ആയുർവേദത്തിന്റെ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡറായി നിലനിൽക്കുന്നത് എന്നതിനും മറ്റ് കാരണങ്ങൾ വേണ്ട എന്നിപ്പോൾ ബോധ്യപ്പെടുന്നു..

നടുവേദനകൾക്ക് സർജറി അവസാന വാക്കല്ലൊന്നും, ആയുർവേദ ചികിത്സ ചെയ്തു ജീവിതശൈലി ക്രമീകരിച്ചു പോയാൽ പൂർണമായി മാറ്റാൻ കഴിയും എന്നും മുമ്പ് പലതവണ എഴുതിയിട്ടുണ്ട്.
അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിൽ ഒരാൾ കൂടിയാണ് മലയാളത്തിന്റെ മോഹൻലാൽ..

ഇത്രയധികം വളഞ്ഞിട്ടുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പോലും, ആയുർവേദം തളരാതെ മുന്നോട്ടു പോകാൻ ഉള്ള കാരണവും, മോഹൻലാലിനെ പോലെ അസുഖം മാറിയ ധാരാളം  രഹസ്യ 
അംബാസിഡർമാർ ഇവിടെ ഉള്ളതുകൊണ്ടാണ്..

അവരുടെ എല്ലാവരുടെയും പ്രതീകമായി മോഹൻലാലിനെ തന്നെ കാണാനാണ് എനിക്കും ഇഷ്ടം..

Dr Shabu

 

Back to blog