
തലയിൽ എണ്ണകൾ തേച്ചിട്ടൊന്നും കാര്യമില്ലന്നോ?
Share
തലയിൽ ഔഷധങ്ങൾ ഇട്ടു കാച്ചിയ എണ്ണകൾ തേച്ചിട്ടൊന്നും കാര്യമില്ല, ഔഷധ വീര്യം ഒന്നും തൊലിപ്പുറമേ ആഗിരണം ചെയ്യില്ല എന്ന രീതിയിലുള്ള സോ കോൾഡ് ശാസ്ത്രീയ വീഡിയോകൾ പലപ്പോഴും കാണാറുണ്ട്.
അതെല്ലാം മിഥ്യാധാരണകൾ മാത്രമാണ് എന്നറിയാൻ അവരെ ഇത്തിരി തണുപ്പുള്ള ഏതെങ്കിലും എണ്ണ തലയിൽ തേപ്പിച്ച് ഇത്തിരി നേരം വെയില് കൊള്ളിച്ചാൽ മാത്രം മതി..!
തലയിലെ ത്വക്കിലൂടെ ആയുർവേദത്തിലുള്ള എണ്ണകൾ എല്ലാം തന്നെ നല്ലപോലെ ആഗിരണം ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതാണ് സത്യം. ത്വക്കിൻ്റെ ഏറ്റവും പുറത്തെ ലെയറായ stratum corneum ത്തിൻ്റെ
കട്ടി, രോമകൂപങ്ങളുടെയും വിയർപ്പ് ഗ്രന്ഥികളുടെയും സാന്നിധ്യം, എണ്ണയിലെ രാസഘടകങ്ങൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും.
ഇക്കാര്യം ആയുർവേദ ആചാര്യന്മാർക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് അറിയുന്നതുകൊണ്ടാണ് മൂർദ്ധ തൈലം എന്ന ഒരു ചികിത്സ പദ്ധതി തന്നെ ഉണ്ടായി വന്നത്. ശിരസ്സിൽ, രോഗങ്ങൾക്ക് അനുസരിച്ചുള്ള ഔഷധ എണ്ണകൾ പുരട്ടുന്ന, ശിരോ അഭ്യങ്കം, ഔഷധയുക്ത എണ്ണകൾ നെറ്റിയിലും ശിരസ്സിലുമായി ക്രമാനുഗതമായി നിശ്ചിത സമയം ഒഴിക്കുന്ന ശിരോധാര, ചെറിയ പഞ്ഞിയിൽ ഔഷധയുക്ത എണ്ണകൾ തലയിൽ വയ്ക്കുന്ന ശിരോ പിചു, ശിരോ വസ്തി എന്നിവയാണ് മൂർദ്ധ തൈലത്തിൽ ഉൾപ്പെടുന്നത്. ഇക്കൂട്ടത്തിൽ ആദ്യം പറയുന്ന ശിരോ അഭ്യങ്കമാണ് ഏറ്റവും കൂടുതൽ ആളുകൾ ദുരുപയോഗപ്പെടുത്താറുള്ളതും.
രോഗാവസ്ഥയും ദേഹപ്രകൃതിയുമൊക്കെ കണക്കിലെടുത്ത് വൈദ്യ നിർദ്ദേശപ്രകാരം ഉപയോഗിക്കേണ്ടതിന് പകരം, കാണുന്ന മരുന്നുകളെല്ലാം കുത്തി ചതച്ച് എണ്ണ കാച്ചി തേക്കുമ്പോൾ അതിന് അതിന്റേതായ ദൂഷ്യഫലങ്ങളും ഉണ്ടാവും. എന്നാൽ, രോഗാവസ്ഥകൾക്ക് അനുസരിച്ച് ആയുർവേദത്തിൽ പറയുന്ന മൂർദ്ധ തൈലം ഉപയോഗപ്പെടുത്തുകയാണ് എങ്കിൽ, അത്ഭുതകരമായ രീതിയിലുള്ള രോഗശാന്തി ഉണ്ടാകും എന്നത് ഏറെ ആളുകൾക്കും അറിയാത്ത കാര്യമാണ്..!
ശാസ്ത്രീയമായി ചെയ്യേണ്ട തലയിലെ എണ്ണ തേപ്പ് എന്ന പ്രക്രിയയുടെ പ്രസക്തിയും അതുതന്നെയാണ്..
ടോൺസിലൈറ്റിസ്, മൂക്കിലെ പോളിപ്പുകൾ, adinoid ഗ്രന്ഥി വളർച്ച, നേത്രരോഗങ്ങൾ, ചെവിയിലെ പ്രശ്നങ്ങൾ തുടങ്ങി കഴുത്തിന് മുകളിൽ ഉണ്ടാകുന്ന മിക്ക അസുഖങ്ങളിലും, വിധിപ്രകാരം ഉപയോഗിക്കേണ്ട നിരവധി എണ്ണകൾ ആയുർവേദത്തിൽ ഉണ്ട്.
അതിനുപകരം, ഏത് രോഗത്തിനും കറ്റാർവാഴ കഞ്ഞുണ്ണി എന്ന ഫോർമുല പ്രകാരം കാച്ചി തേച്ച് തുടങ്ങിയാൽ, നീർക്കെട്ടും ഇല്ലാത്ത രോഗങ്ങളും ഉണ്ടാവും. തലയിൽ എണ്ണ തേക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം എഴുതുവാനുള്ള കാരണം, സത്യത്തിൽ എണ്ണ വിരോധമല്ല മറിച്ച് എണ്ണയുടെ ഇത്തരത്തിലുള്ള ദുരുപയോഗമാണ്.
വേണ്ടത് ശരിയായ മൂർദ്ധ തൈലപ്രയോഗങ്ങളാണ്. Stroke, facial palsy, മറ്റു നാഡീ സംബന്ധമായ പ്രശ്നങ്ങൾ, എന്നിവയിൽ എല്ലാം, വാത ശമനസ്വഭാവമുള്ള എണ്ണകൾ വൈദ്യ നിർദ്ദേശപ്രകാരം തേക്കുമ്പോൾ വളരെ പെട്ടെന്നുള്ള രോഗശമനം കാണാറുണ്ട്.
പക്ഷേ ഇത് വളരെ ശാസ്ത്രീയമായി മാത്രം ചെയ്യേണ്ടതാണ്. അപ്പുറത്തെ വീട്ടിലെ ചേച്ചിയോ അടുത്ത സുഹൃത്തോ സ്നേഹംകൊണ്ട് ഉപദേശിച്ച് നിർദ്ദേശിച്ച് തരേണ്ടവയല്ല എന്ന കാര്യം കൂടി മനസ്സിലാക്കണം.
സ്വതവേ പലവിധത്തിലുള്ള കഴുത്തു വേദനകൾ ഉള്ള ഒരു പേഷ്യന്റ് ഒരു ദിവസം രോഗം അധികരിച്ച് വന്നപ്പോൾ തലയിൽ എണ്ണ തേക്കുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു.
ഉറക്കക്കുറവിന് നവരത്ന തൈലം തേച്ചാൽ നല്ലതായിരിക്കും എന്ന് ഒരു പ്രിയപ്പെട്ടവൻ പറഞ്ഞത് പ്രകാരം തലയിൽ എണ്ണ തേച്ച് കുളിച്ച് തണുപ്പടിച്ച് ഉണ്ടായതായിരുന്നു പ്രശ്നം.
സ്വയം ചികിത്സ മാറ്റിനിർത്തി, ഓരോ രോഗത്തിനും അനുസരിച്ച് വൈദ്യുനിർദേശ പ്രകാരം മാത്രം മൂർദ്ധ തൈലം എന്ന ആയുർവേദ ചികിത്സാ പദ്ധതിയെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അതുണ്ടാക്കുന്ന ഗുണഫലങ്ങൾ അത്ഭുതകരമായിരിക്കും.
വചാദി കേരവും, സുരസാദി തൈലവും, ബലാ ഗുളൂച്യാദി എണ്ണയും, ക്ഷീരബലയും ധന്വന്തരവും ഒക്കെ ഏത് അവസ്ഥയിൽ പ്രയോഗിക്കണം എന്നുള്ള ജ്ഞാനമാണ് മൂർദ്ധ തൈലം.
ഇനിയുള്ള നാളുകളിൽ ഏറെ പ്രയോജനപ്പെടുത്തേണ്ട ഒരു ചികിത്സാ പദ്ധതി കൂടിയാണിത്..
Dr Shabu