
ആഹാരത്തിനപ്പുറം എള്ള് ഒരു ഔഷധമാണ്
Share
പാട വരമ്പിലൂടെ, ചളി പുതഞ്ഞ കാലുകളുമായി സ്ക്കൂളിൽ പോയിരുന്ന കാലമാണ്. നെൽ പാടങ്ങൾ അവസാനിക്കുന്നയിടത്ത് ഒരു ചെറിയ എള്ളു പാടം കൂടി ഉണ്ടായിരുന്നു. വിളഞ്ഞ എള്ളുച്ചെടികളിൽ, വിരിഞ്ഞ കായകൾ പൊട്ടിച്ചെടുത്ത്, അതിലെ എള്ള് തരികൾ ചവച്ച് , ആളൊഴിഞ്ഞ ഇടവഴിയിലൂടെ സ്ക്കൂളിലേക്ക് ഓടിയ കാലം. എള്ളുമായി ബന്ധപ്പെട്ട ആദ്യ ഓർമ ഇതാണ്.
പിന്നെ.... നിലവിളക്കിലെ തിരി തെളിയിച്ച സന്ധ്യാ നേരങ്ങളിൽ കൈ വിരലുകളിൽ പറ്റിയ എള്ളണ്ണയുടെ മണം. എള്ളുണ്ട രുചികൾ. ഒടുവിൽ, അമ്മമ്മയുടേയും മുത്തഛൻ്റേയും ഒക്കെ മരണ ശേഷം, തിലോദകവും
എൾച്ചോറുമായി സങ്കടപ്പെടുത്തിയ ഓർമ്മകൾ..!
ജനനം മുതൽ മരണം വരെ, എള്ളിനോട് എത്രമാത്രം ആത്മ ബന്ധത്തിലാണ് നമ്മളൊക്കെ...
അയ്യായിരം വർഷങ്ങൾക്കു മുമ്പ്, സിന്ധൂ നദീതടങ്ങളിൽ എള്ളു കൃഷി ചെയ്തു തുടങ്ങിയ ഒരു പാരമ്പര്യത്തിൻ്റെ തുടർച്ച കൂടിയാവാം ഒരു പക്ഷേ അത്. Sesamum indicum എന്ന അതിൻ്റെ ശാസ്ത്ര നാമത്തിൽ തന്നെയുണ്ട് ഇതിൻ്റെ ഇന്ത്യയുമായുള്ള ബന്ധം.
ആയുർവേദത്തിൽ ഇത് 'തിലം' ആണ്... കറുപ്പും വെളുപ്പുമായി ഇതിന് രണ്ട് വകഭേദങ്ങളും ഉണ്ട്. എള്ളില്ലാതെ എന്ത് ആയുർവേദം.
ആഹാരത്തിനപ്പുറം അതൊരു ഔഷധം തന്നെയാണ് ആയുർവേദത്തിന്. എള്ള് ഒരു എണ്ണക്കുരു കൂടിയാണ്. സ്നിഗ്ദ്ധവും ഉഷ്ണ സ്വഭാവിയുമായ ഒരു ശിംബി ധാന്യം.
ത്വഗ് രോഗത്തിൽ പുറമേ പുരട്ടാൻ അനുയോജ്യമാണ് എള്ളിൽ നിന്നും ആട്ടി എടുക്കുന്ന എള്ളെണ്ണ (sesame oil) തിലത്തിൽ നിന്നും കിട്ടുന്നതു കൊണ്ടാണ് തൈലം എന്ന പേരു തന്നെ വന്നത്...
ഉദാഹരണത്തിന് സഹചരാദി തൈലം എന്നു കേട്ടാൽ സഹചരാദി ഔഷധങ്ങൾ എള്ളെണ്ണയിൽ കാച്ചിയത് എന്നു മനസിലാക്കണം.
തലമുടി വളരുവാനും കറുക്കുവാനും എള്ളെണ്ണ ശ്രേഷ്ഠമാണ്. പ്രത്യേകിച്ച്, മുടിക്ക് അനുയോജ്യമായ ഔഷധങ്ങൾ ഇട്ട് കാച്ചിയ തൈലങ്ങൾ. കാൽസ്യവും ഇരുമ്പും ധാരാളം ഉള്ളതു കൊണ്ടാണ്, മുടി വളർച്ചക്കും എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് ഗുണകരം ആവുന്നത്.
നാരുകളുടെ കലവറയാണ് എള്ള്... ദഹന വ്യവസ്ഥയുടേയും ഹൃദയത്തിൻ്റെയും ഒക്കെ ആരോഗ്യത്തിന് ഏറെ സഹായകമാണിത്.
കൊളസ്ട്രോളും ട്രൈ ഗ്ലിസറൈഡും കുറക്കാൻ എള്ളിന് സവിശേഷ കഴിവുണ്ട്. പോളി അൺസാച്യുറേറ്റഡ്, മോണോ അൺ സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ആധിക്യം കാരണമാണ് ഈ ഗുണം എള്ളിനുണ്ടാകുന്നത്..
നല്ല അളവിൽ പ്രോട്ടീനും ഇതിൽ ഉണ്ട്. ഇതിലുള്ള മഗ്നീഷ്യവും വൈറ്റമിൻ E യും ആൻ്റി ഓക്സിഡൻ്റുകളും കാരണം രക്തസമ്മർദ്ദം കുറക്കാനും നല്ലതാണ്.
കാൽസ്യം 22% ഉള്ളതിനാൽ എല്ലുകളുടെ വളർച്ചക്ക് നല്ലത്. പ്രായമേറുമ്പോൾ ഉണ്ടാക്കുന്ന അസ്ഥി ക്ഷയത്തിന് ( osteo Porosis) ഏറ്റവുംനല്ലതാണ് എള്ള്.
എള്ള് ചട്ടിയിൽ വറുത്ത് വെച്ച്, എല്ലാദിവസവും ഒരു ടീസ്പൂൺ ചവച്ച് കഴിക്കുകയും അനുപാനമായി അര ഗ്ലാസ് തിളപ്പിച്ച് ആറിയ തണുത്ത വെള്ളം കുടിക്കുകയും ചെയ്യണം.
ആർത്തവ വിരാമത്തിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന അസ്ഥി ക്ഷയത്തിന് ഇത് ഏറെ ഗുണം ചെയ്യും. എല്ലിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു രസായന പ്രയോഗമാണിത്.
മുട്ട് തേയ്മാനം പോലുള്ള arthritis അവസ്ഥയിലും എള്ളിന് വളരെയധികം ഫലസിദ്ധിയുണ്ട്. തൈറോയ്ഡ് രോഗങ്ങളിലും സ്ത്രീ രോഗങ്ങളിലും എള്ളിന് വലിയ പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകളിലെ PCOD അവസ്ഥകളിൽ, ആർത്തവം ഉണ്ടാവുന്നതിനായി എള്ള് പല രീതിയിൽ ഉപയോഗപ്പെടുത്താറുണ്ട്.
തില കഷായം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. അങ്ങനെ എണ്ണമറ്റ ഉപയോഗങ്ങളാണ് എള്ളിനുള്ളത്. തമിഴ് നാട്ടിൽ എള്ളെണ്ണ വളരെ ജനകീയം ആണ്.
എള്ള് ചോറ്, ചട്ണി, എള്ള് ഉണ്ട, പൊട്ടു കടല ചേർത്ത എള്ളുണ്ട എന്നിങ്ങനെ അവരുടെ വിഭവങ്ങൾ നീളുന്നു. എള്ളെണ്ണ, ഗുണനിലവാരമുള്ള സോഴ്സിൽ നിന്ന് വാങ്ങണം എന്നതുകൂടി ശ്രദ്ധിക്കണം.
എള്ള് നമ്മുടെ സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. ആഹാരമായിട്ടും ഔഷധമായിട്ടും ഇനിയത് നമ്മുടെ ആരോഗ്യത്തിൻ്റെ ഭാഗം കൂടി ആകട്ടെ.
Dr Shabu