ആയുർവേദ മരുന്നു കഴിച്ചാൽ കരളു പോകുമോ?

ആയുർവേദ മരുന്നു കഴിച്ചാൽ കരളു പോകുമോ?

ഈ അടുത്തായി, ഇത്തരം ചോദ്യങ്ങൾ, രോഗികളിൽ നിന്ന് പലതവണ കേൾക്കേണ്ടി വന്നിട്ടുണ്ട്...

ചോദ്യത്തിന്റെ, ഉത്തരത്തിലേക്ക് നേരിട്ട് പോകുന്നതിനു മുമ്പ്, ഈ അടുത്തുണ്ടായ ഒരു അനുഭവം പറയാം.
ഇടയ്ക്കിടെ വരുന്ന അടിവയർ വേദനയും, കാലിലേക്കുള്ള കഴപ്പും ഒക്കെയായി, ഒരാൾ കുറച്ചു ദിവസം മുമ്പ് വന്നിരുന്നു...

അൻപതു വയസ്സിന് മുകളിലാണ് പ്രായം.. വീട്ടിലെ ടൈൽസ് പണിക്കൊക്കെ പോകുന്ന ആളാണ്.

വൃഷണത്തിൽ (testis )ൽ അടിക്കടി ഉണ്ടാകുന്ന അണുബാധയായിരുന്നു (Chronic epididymitis) അയാളുടെ പ്രശ്നം..
കുറേക്കാലം ആന്റിബയോട്ടിക് കഴിച്ചിട്ടും  മാറാതെ, ആയുർവേദത്തിൽ ഒരു കൈ നോക്കാം എന്ന് വിചാരിച്ചു  വന്നതാണ്..

അങ്ങനെ പരിശോധന ഒക്കെ കഴിഞ്ഞ്, മരുന്ന് എഴുതാൻ ഇരിക്കുന്നതിന്  മുമ്പ് അയാൾ എന്നോട് പറഞ്ഞു..
" സാറേ എന്റെ ലിവറിന് ലേശം തകരാറുണ്ട്.. കുറേ കൊല്ലമായിട്ട് ഞാൻ നല്ലോണം കുടിക്കും... അങ്ങനെ പറ്റിയതാണ്.."

ആധുനിക വൈദ്യനെ കാണിച്ച, പരിശോധന റിപ്പോർട്ടുകളൊക്കെ അയാൾ എനിക്ക് കാണിച്ചു തന്നു.. Fibro സ്കാനിൽ കരൾ രോഗത്തിന്റെ ആദ്യഘട്ടം ആണ് എന്ന് വ്യക്തമായിരുന്നു..

മുകൾ വയറിൽ, വലതുവശത്തായി ഇടയ്ക്കിടെ വരുന്ന വേദനയായിരുന്നു അയാളുടെ അതുമായി ബന്ധപ്പെട്ട പ്രശ്നം..!

വേദന വരുമ്പോൾ, അയാൾ കരൾ രോഗത്തിന് കാണിക്കുന്ന ഡോക്ടറെ കാണിച്ച്  താൽക്കാലികമായി മരുന്ന് കഴിക്കാറുമുണ്ട്..

എന്തായാലും, റിപ്പോർട്ടുകൾ എല്ലാം നോക്കിയശേഷം, വൃഷണത്തിലെ അണുബാധയ്ക്കുള്ള മരുന്ന്  അയാൾക്ക് എഴുതി കൊടുത്തു.. രണ്ടു മൂന്നാഴ്ച മരുന്ന്  കഴിച്ചതോടെ, വേദനയും ബുദ്ധിമുട്ടുകളും ഒക്കെ ഏറെക്കുറെ ഇല്ലാതായി..

അങ്ങനെയിരിക്കുമ്പോഴാണ്, ഒരു ദിവസം അയാൾക്ക് മുകൾ വയറിൽ കരൾ രോഗത്തിന്റെ പ്രശ്നം കൊണ്ടുണ്ടാകാറുള്ള വേദന വന്നത്..!

രാത്രി ആയതുകൊണ്ട് പതിവ് ഡോക്ടറെ അല്ല അയാൾ പോയി കണ്ടത്.. അന്ന് പരിശോധിച്ച ഫിസിഷ്യൻ,
അയാളോട് പറഞ്ഞത് ഇങ്ങനെയാണത്രേ.. " നിങ്ങൾക്ക് ചെറിയ കരൾ രോഗത്തിന്റെ പ്രശ്നങ്ങൾ ഉണ്ടല്ലോ..
ആയുർവേദ മരുന്നുകൾ കഴിക്കുന്നുണ്ടോ.. "

അടിവയറ്റിലെ അണുബാധയ്ക്ക് ആയുർവേദ മരുന്ന് കഴിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ, അയാളുടെ മറുപടി ഉടനെ വന്നു..

"നിങ്ങളോട് ആരാണ് ഇതിനൊക്കെ ആയുർവേദ മരുന്ന് കഴിക്കാൻ പറഞ്ഞത്... അതിനൊക്കെ മോഡേൺ മെഡിസിൻ തന്നെ കഴിക്കണ്ടെ.. "

ഇംഗ്ലീഷ് മരുന്ന് കഴിച്ചു മാറിയില്ല, ആയുർവേദം കഴിച്ചപ്പോഴാണ് മാറിയത് എന്ന് പറഞ്ഞപ്പോൾ,
അവസാനത്തെ  പൂഴിക്കടകൻ ചോദ്യം ഡോക്ടറുടെ വക പറത്തി വിട്ടു..

"ആ.. അതാണ് കാരണം... ആയുർവേദ മരുന്ന് കഴിച്ചത് കൊണ്ടാണ് നിങ്ങളുടെ ലിവറിന് പ്രശ്നമുണ്ടായത്.."

ആയുർവേദ മരുന്ന് കഴിക്കുന്നത് മൂന്നാഴ്ച ആയിട്ടേ ഉള്ളൂ എന്നും കരളിന്റെ പ്രശ്നം തുടങ്ങിയിട്ട് ആറുമാസം
കഴിഞ്ഞു എന്നും അയാൾ പറഞ്ഞപ്പോൾ, പിന്നെ ആ നിലയത്തിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ലത്രെ..!

ആയുർവേദത്തെ കരൾ രോഗത്തിന്റെ പ്രതിസ്ഥാനത്ത്, ചേർക്കുന്നതിന് പറ്റിയ നല്ലൊരു അവസരം
നഷ്ടമായതിന്റെ നിരാശ ആ പരിസരങ്ങളിൽ തളംകെട്ടി കിടന്നു എന്നാണ്  പിന്നീടുള്ള  കേൾവി..!

ആയുർവേദം കരൾ രോഗത്തിന്റെ പ്രതിയാകുന്നത് ഇങ്ങനെയൊക്കെയാണ്.. സത്യത്തിൽ, പ്രതിയാകുന്നതല്ല.. ഇങ്ങനെയുള്ളവർ, മനപ്പൂർവം പ്രതി ചേർക്കുന്നതാണ്..!

സ്കൂളിൽ പഠിക്കുമ്പോൾ കരപ്പന് കുടിച്ച കഷായം  പോലും, മറ്റു കാരണം കൊണ്ടുണ്ടായ കരൾ
രോഗത്തിന്റെ ചരിത്രത്തിൽ ചേർത്തുവയ്ക്കുന്ന, ഇങ്ങനെ കുറെ കൃമി ബാധിത മനസ്സുള്ളവരുണ്ട്...
എല്ലാവരും അല്ല.. കുറച്ചു പേർ അങ്ങനെയൊക്കെയാണ്..

കറ്റാർവാഴയും കിരിയാത്തും, കടുരോഹിണിയും കീഴാർനെല്ലിയും തുടങ്ങി എണ്ണമറ്റ കരൾ സംരക്ഷക-
ചികിത്സ ദ്രവ്യങ്ങളുള്ള ആയുർവേദം, കഴിച്ചാൽ കരൾ കളയും  എന്നു പറഞ്ഞു പരത്തുന്നവർ, ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന ഒരു ടെക്നിക്കാണ് മുകളിൽ സൂചിപ്പിച്ചത്..!

ഈയടുത്തായി ഇങ്ങനെയുള്ള വ്യാജവാർത്തകൾ പ്രബന്ധങ്ങളാക്കിയും ഇവർ അവതരിപ്പിച്ചിട്ടുണ്ട്..
ഇല്ലാത്ത കുറ്റം, ആയുർവേദത്തിന്റെ തലയിൽ വയ്ക്കുമ്പോൾ എന്ത് തരത്തിലുള്ള മനസ്സുഖം ആയിരിക്കും ഇവർക്കൊക്കെ കിട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല...

ഇനി ഇത്തരം ചൊറിച്ചിലുകൾ ഒരു രോഗാവസ്ഥ ആണെങ്കിൽ, ഇവർക്ക് പറ്റിയ കൃമി ഹരമായ ഔഷധങ്ങൾ ആയുർവേദത്തിൽ ഉണ്ട് എന്ന് തന്നെ പറയേണ്ടിവരും..

കീഴാർനെല്ലി കൃമി കടിക്കും നല്ലതാണ്..

Dr Shabu

Back to blog