ആയുർവേദം ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നാണോ?

ആയുർവേദം ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നാണോ?

"വയറെരിച്ചിൽ വന്നിട്ട് ആയുർവേദം കുറെ കഴിച്ചതാ.. ഒരു ഗുണവും ഉണ്ടായിട്ടില്ല."

" എന്തായിരുന്നു അസുഖം.. "

"കുഴൽ ഇറക്കി നോക്കിയപ്പോൾ വയറ്റില് പുണ്ണാണ് എന്നാണ് പറഞ്ഞത്.. "

"എന്നിട്ട് ഏതു മരുന്നാണ് കഴിച്ചത്.."

"ഇഞ്ചി.. വെളുത്തുള്ളി.. ജീരകം. ഇതൊക്കെ  ചതച്ച് കഷായം വെച്ച് കുറെ കഴിച്ചു.. അസുഖം കൂടി എന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല.."

" ആരു പറഞ്ഞാണ് ഇത് കഴിച്ചത്.. "

" ഫേസ്ബുക്കിൽ ഒരു വീഡിയോ കണ്ടിട്ട്, ദഹന പ്രശ്നങ്ങൾ ഒക്കെ മാറും എന്ന് പറഞ്ഞതുകൊണ്ട് കഴിച്ചതാണ്"

ഇങ്ങനെയൊക്കെയാണ് ആളുകൾ പൊതുവെ ആയുർവേദത്തെ മനസ്സിലാക്കിയിരിക്കുന്നത്..!

ഇഞ്ചിയും വെളുത്തുള്ളിയും ജീരകവും ഒക്കെ നല്ല ആയുർവേദ മരുന്നുകൾ അല്ലേ.. അതുകൊണ്ട് കഴിച്ചു എന്നതായിരിക്കും പലരുടെയും ന്യായീകരണം..

സത്യത്തിൽ നല്ല മരുന്ന് ചീത്ത മരുന്ന് എന്ന തരം തിരിവ് ആയുർവേദത്തിൽ ഇല്ല.. ഒരു മരുന്ന് ഒരാൾക്ക് നല്ല മരുന്നാവുന്നത്, കൃത്യമായ രോഗാവസ്ഥകളിൽ ഡോക്ടർ അത് പ്രിസ്ക്രൈബ് ചെയ്യുമ്പോൾ മാത്രമാണ്..

വയറിലെ മുഴുവൻ പ്രശ്നത്തിനും ഇഞ്ചി എന്നൊരു സമീകരണം ഇല്ല എന്ന് ചുരുക്കം.. ഇഞ്ചി ഉഷ്ണ വീര്യമാണ്... പിത്ത വർധകമാണ്...

Gastritis ന്റെ അനുബന്ധമായി കാണാറുള്ള വയർ എരിച്ചതുപോലെയുള്ള രോഗാവസ്ഥയിൽ ഇഞ്ചിയും വെളുത്തുള്ളിയും ജീരകവും ഒക്കെ കഴിക്കുന്നത് രോഗം കൂട്ടാനെ ഉപകരിക്കുകയുള്ളൂ..

നേരെമറിച്ച് ഫാറ്റി ലിവർ പോലെയുള്ള വയറിലെ പുണ്ണ് അല്ലാതെയുള്ള ദഹന പ്രശ്നങ്ങളിൽ ഗ്യാസ് ഫോർമേഷനും മറ്റും ഉണ്ടാവുമ്പോൾ ഗുണം ചെയ്യുകയും ചെയ്യും..

ഒരു മരുന്ന് ഒരു രോഗാവസ്ഥയിൽ യോജിക്കുമോ ഇല്ലയോ എന്ന്, സ്വന്തം നിലക്ക് ആരെങ്കിലും പറഞ്ഞതിന്റെ  അറിവ് വച്ച് ഒരിക്കലും പരീക്ഷിക്കരുത് എന്ന് തന്നെയാണ് പറഞ്ഞു വരുന്നത്..

ആയുർവേദ ചികിത്സ എന്നാൽ, കുറച്ച് ഒറ്റമൂലികൾ എടുത്ത് തലങ്ങും  വിലങ്ങും പ്രയോഗിക്കൽ അല്ല..!

രോഗിയുടെ രോഗാവസ്ഥകൾക്ക് അനുസരിച്ച്, പ്രയോഗിക്കുന്ന മരുന്നിന്റെ രസഗുണ വീര്യാദികൾ
നോക്കി ആയുർവേദത്തിൽ പറയുന്ന രീതികൾ അനുസരിച്ച് തന്നെ പ്രയോഗിക്കുമ്പോഴാണ് ചികിത്സയും
മറ്റ് സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ പ്രയോജനപ്പെടുകയുള്ളൂ..!

മരുന്നുകൾ തോന്നുന്ന പോലെ രോഗാവസ്ഥകൾ നോക്കാതെ, ഉപയോഗിക്കുമ്പോൾ ആയുർവേദത്തിനും പാർശ്വഫലങ്ങൾ ഉണ്ടാകും.. 

അതുകൊണ്ട്, അയൽവാസികളുടെയോ സുഹൃത്തുക്കളുടെയോ, സ്നേഹപൂർണ്ണമായ  "മരുന്നു പറഞ്ഞുതരൽ" നിർദ്ദേശം അവഗണിച്ചുകൊണ്ട്, ഏറ്റവും നല്ല ഒരു ആയുർവേദ ഡോക്ടറെ കണ്ടു മാത്രം ചികിത്സിക്കുക..

ആയുർവേദം ആധികാരികം ആകാനും, പാർശ്വഫലങ്ങൾ ഒഴിവാക്കാനും മറ്റൊരു വഴിയുമില്ല..

ഒരു കാരണവശാലും ആയുർവേദം എന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന  പരസ്യ പ്രൊഡക്ടുകളും,
തലയും വാലുമില്ലാത്ത യൂട്യൂബ് പോലെയുള്ള മാധ്യമങ്ങളിൽ വരുന്ന  ചികിത്സാരീതികളുമൊക്കെ
പരീക്ഷിക്കാതിരിക്കുക എന്നത് സ്വന്തം ആരോഗ്യത്തെ പറ്റിയുള്ള മിനിമം ബുദ്ധിയാണ്..

ആയുർവേദം അതിന്റെ മുഴുവൻ ആധികാരികതയോടെ ഇവിടെയുള്ളപ്പോൾ, കള്ളനാണയങ്ങളിൽ ആശ്വാസം തേടുന്നതെന്തിനാണ്...

ആയുർവേദത്തെ ആധികാരികമായി മാത്രം പ്രയോജനപ്പെടുത്തുക...

Dr Shabu

Back to blog